കുവൈത്തിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കൊണ്ടു പോകുവാൻ അനുവദിക്കുമെന്ന വാർത്ത വാണിജ്യ-വ്യവസായ മന്ത്രാലയം നിഷേധിച്ചു
കുവൈത്തിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കൊണ്ടു പോകുവാൻ അനുവദിക്കുമെന്ന വാർത്ത വാണിജ്യ-വ്യവസായ മന്ത്രാലയം നിഷേധിച്ചു.

ഇത്തരം ഭക്ഷ്യ ഉത്പന്നങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് നിയമ വിരുദ്ധമാണെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഒരു കുടുംബത്തിനു പാൽ പൊടി പോലുള്ള രണ്ട് കാർട്ടൺ റേഷൻ ഉത്പന്നങ്ങൾ കൊണ്ടു പോകുന്നതിനു വാണിജ്യ മന്ത്രാലയം അനുമതി നൽകിയെന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.ഇതിന് എതിരെയാണ് മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
സ്വദേശി കുടുംബംഗങ്ങൾക്ക് വിതരണം ചെയ്യുന്ന റേഷൻ സാധനങ്ങൾ വിദേശികൾക്ക് മറിച്ചു വിൽക്കുന്ന പതിവ് രാജ്യത്ത് വർഷങ്ങളായി തുടരുന്ന പ്രവണതതയാണ്. വിപണിയിൽ ലഭ്യമായതിനേക്കാൾ കുറഞ്ഞ വിലക്ക് പാൽപ്പൊടി അടക്കമുള്ള ഗുണമേന്മയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ലഭിക്കുന്നതിനാലാണ് പ്രവാസികൾ ഇതിൽ ആകൃഷ്ടരാകുന്നത്. നാട്ടിലേക്ക് പോകുന്ന പലരും ഈ പാൽപ്പൊടിയാണ് കൊണ്ടു പോകാറുള്ളത്.റേഷൻ ഉൽപ്പന്നങ്ങൾ വ്യാപകമായി രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിമാന താവളത്തിൽ ഉൾപ്പെടെ ഇപ്പോൾ പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി യാത്രക്കാർ പിടിയിലാകുകയും ചെയ്തിട്ടുണ്ട്.
സർക്കാർ സബ്സിഡി നിരക്കിൽ നൽകുന്ന റേഷൻ ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്നതും അവ വാങ്ങുന്നതും രാജ്യത്തു നിന്ന് പുറത്തേക്ക് കടത്തുന്നതും 10 വർഷം വരെ തടവും 1000 ദിനാർ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ പിടി കൂടുന്നതിനു വിമാന താവളത്തിലും മറ്റു അതിർത്തി കവാടങ്ങളിലും ഉൾപ്പെടെ മാനവ ശേഷി പൊതു സമിതി,താമസ കാര്യ വകുപ്പ്, കസ്റ്റംസ്, വാണിജ്യ വ്യവസായ മന്ത്രാല യം എന്നീ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.