സ്ക്കൂട്ടറിൽ കാറിച്ച് വനിതാ പോലീസ് മരിച്ച സംഭവം: പ്രതി അറസ്റ്റിൽ
പത്തനംതിട്ട, : കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വനിതാ പോലീസുകാരി മരിച്ച സംഭവത്തിൽ കാർ ഓടിച്ചയാളെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പെരുമ്പാവൂർ കളമാലിൽ വീട്ടിൽ കെ. എം. വർഗീസ് (67) ആണ് അറസ്റ്റിലായത്. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കുളനട തണങ്ങാട്ടിൽ സിൻസി പി. അസീസ്(35) ആണ് രണ്ട് മാസം മുൻപ് മെഴുവേലി കുറിയാനിപള്ളിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സിൻസി സഞ്ചരിച്ച സ്ക്കൂട്ടറിൽ അമിത വേഗതയിലെത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിൻസിയെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു. അപകടത്തെ തുടർന്ന് വർഗീസ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ച ഇയാൾ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. വർഗീസിനെ റിമാന്റ് ചെയ്തു.