രാജമലയിൽ വീണ്ടും കടുവ ആക്രമണം
ചിറ്റാർ ജോസ് :
ഇടുക്കി രാജമല നൈമക്കാടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കടുവയുടെ ആക്രമണത്തിൽ ഒരു പശുക്കിടാവ് ഉൾപ്പെടെ അഞ്ചു പശുക്കൾ കൂടി ചത്തു. ഇതോടെ കടുവ കൊന്ന പശുക്കളുടെ എണ്ണം പത്തായി.ഏതാനും ദിവസങ്ങൾക്ക് മുൻപ് അഞ്ചു പശുക്കളെകൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു . നിരന്തരമുള്ള കടുവയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ രോഷാകുലരായി വനം വകുപ്പിനെതിരെ ഇരവികുളത്തു റോഡ് ഉരോധിച്ചു. കടുവ കൊന്ന പശുക്കളുടെ ജഡവുമായി ആയിരുന്നു ഉപരോധം നടത്തിയത്. എത്രയും വേഗം തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും മുടങ്ങിക്കിടക്കുന്ന നഷ്ടപരിഹാവും ഉടൻ നൽകണമെന്നും, കടുവയെ പിടിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജീവന് തന്നെ കടുവ ഭീഷണിആയിരിക്കുന്നു സാഹചര്യത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെടും വരെ കാത്തിരിക്കരുതെന്നും സമരക്കാർ ആവശ്യപ്പെട്ടു.നാട്ടുകാർക്ക് പിന്തുണയായി വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തുണ്ട്. സമര ഭാഗത്തേക്ക് വന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു.
കടുവയെ പിടിക്കാൻ കൂടുകൾ ഉടൻ സ്ഥാപിക്കുമെന്നും നിരീക്ഷണത്തിനായി കൂടുതൽ ക്യാമറകൾ സ്ഥാപിക്കാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.