ടിപ്പറുകളുടെ മരണപ്പാച്ചിൽ -ഒരു ജീവൻ കൂടി അപഹരിച്ചു
ഇലവുംതിട്ട - ജനു.18നു രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോയിൽ ടിപ്പർ ഇടിച്ചു. യാത്രകാരനായ ശിവരാമൻ മേസ്തിരി മരണപ്പെട്ടു, മൂന്ന്പേർക്ക് ഗുരുതര പരിക്ക്.
പത്തനംതിട്ട ജില്ലയിൽ ഇലവുംതിട്ട പൂപ്പൻ കാലായിൽ ശിവരാമനെയും കൊണ്ട് കോഴഞ്ചേരി ആശുപത്രിയിലേക്ക് പോകുകയായിരുന്ന മക്കൾ ശ്രീദേവി, ജയ, കൊച്ചുമകൾ ബിസ്മിജ എന്നിവർ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് കോഴഞ്ചേരി പഞ്ചായത്ത്ഓഫീസിനു സമീപം എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം ഭാഗികമായി തകർന്നു പോയി.
അതീവ ഗുരുതരാവസ്ഥയിൽ ആയ ശിവരാമൻ മേസ്തിരിയെ (85)കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റിയെങ്കിലും പിന്നീട് മരണപ്പെട്ടു.ശിവരാമന്റെ മകൾ ശ്രീദേവിക്ക് തലയ്ക്ക് കാര്യമായ പരുക്കും ഒരു കൈക്ക് ഒടുവുമുണ്ട്, മകൾ ജയയുടെ(സിന്ധു )ഡിസ്കിന് കാര്യമായ പൊട്ടൽ സംഭവിച്ചിട്ടുണ്ട്. ഇവരുടെ ഇളയ സഹോദരി സ്മിതയുടെ മകൾ 9 വയസ്സുള്ള ബിസ്മിജ നിസ്സാര പരിക്കോട് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓട്ടോ ഡ്രൈവർ നാരങ്ങാട്ട്ജയിംസിനു തലയോട്ടിക്ക് കാര്യമായ പൊട്ടലും തലയ്ക്കു സാരമായ മുറിവും കൈയ് കാലുകൾക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. എല്ലാവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കോഴഞ്ചേരി ആശുപത്രിയിൽ എത്തുന്നതിന് ഏകദേശം 350 മീറ്റർ അകലെ വച്ചാണ് അപകടം സംഭവിച്ചത്. പാറപ്പൊടിയുമായി എതിരെ വന്ന ടിപ്പർ ലോറി ഓട്ടോറിക്ഷലേക്ക് ഇടിച്ചു കയറുകയായിരുന്നു. സതീഷ് കെ നായർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് അപകടത്തിൽപ്പെട്ട ലോറി എന്നാണു പരിവാഹനിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.ലോറി ഡ്രൈവർ ആലപ്പുഴജില്ലയിൽ പാറമേൽ കിഴക്കേ ചെരുവിൽ അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു.
അപകടം നടന്ന ഏതാനും മണിക്കൂറുകൾക്ക് ശേഷം ലോറിയിൽ ഉണ്ടായിരുന്ന ലോഡ് ആറന്മുള പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടുകൂടി മറ്റൊരു ലോറിയിലേക്ക് മാറ്റി കടത്തിക്കൊണ്ടു പോയതായി ദൃക്സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞ 50 വർഷങ്ങളായി നിർമ്മാണ രംഗത്ത് തന്റേതായ വൈവിധ്യം തെളിയിച്ച ആളായിരുന്നു ശിവരാമൻ മേസ്തിരി. ഇലവുംതിട്ട, മുട്ടത്തുകോണം, പ്രക്കാനം എന്നിവിടങ്ങളിൽ എണ്ണമറ്റ വീടുകളാണ് ശിവരാമൻ മേസ്ത്രി നിർമ്മിച്ചിട്ടുള്ളത്. തന്റെ തൊഴിലിൽ വിശ്വസ്തനായിരുന്നതിനാൽ പ്രദേശവാസികൾക്കു ഏറെ പ്രിയങ്കരനായിരുന്നു. എത്ര സങ്കീർണമായ പ്ലാനുകളും അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രദേശവാസികളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തോളമായി അനാരോഗ്യ കാരണങ്ങളാൽ ഭവനത്തിൽ വിശ്രമിച്ചു വരികയായിരുന്നു. തുടർചികിൽസയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മകൻ മോഹനൻ ഉൾപ്പെടെ അഞ്ചാൺമക്കളും നിർമ്മാണ രംഗത്ത് സജീവമായി തുടരുന്നു.
മരണപ്പെട്ട ശിവരാമൻ മേസ്തിരിയുടെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കുമെന്നു അറിയിച്ചു.
ഭാര്യ- പൊന്നമ്മ, മക്കൾ - മോഹനൻ, മനോജ്, ശ്രീരാജ്, ശ്രീനാഥ്, ശിവരാജ്, ശ്രീദേവി, സുധ, ജയ, സ്മിത,.