V. S ഒരു യുഗം.

VS achuthanandan. Editorial.

Jul 23, 2025 - 13:55
Jul 23, 2025 - 13:56
 148

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ വിട വാങ്ങി.

വിവരിക്കുവാനും വിശകലനം ചെയ്യുവാനും കഴിയാത്ത അത്ര വിപ്ലവ ചരിത്രത്തിന്റെയും വിശാലമായ മനസ്സിന്റെയും ഉടമയാണ് VS എന്ന VS അച്യുതാനന്ദൻ...!

ജീവിച്ചിരിക്കുന്ന വിഎസിനെക്കാൾ പതിമടങ്ങ് ശക്തനാണ് മരിച്ച വിഎസ് എന്നു തെളിയിച്ച ചില മണിക്കൂറുകളിലൂടെയാണ് കേരളം കടന്നു പോയത് ....

ഒരു യുഗത്തിന്റെ അന്ത്യം എന്നു വേണമെങ്കിൽ സങ്കൽപ്പിക്കാം. എന്നാൽ അങ്ങനെ പറയുമ്പോൾതന്നെ VS എന്ന രൂപത്തിൽ ഉദിച്ചുയർന്ന ആ വിപ്ലവ സൂര്യന്റെ ശോഭയിൽ കേരളം പ്രകാശപൂരിതമായിതന്നെ വരും കാലത്തും നിലനിൽക്കും എന്നുള്ള പച്ചയായ സത്യം അംഗീകരിക്കാതിരിക്കാൻ കഴിയില്ല. വിഎസ് ആണ് തങ്ങൾക്ക്ജീവിക്കാൻ പ്രചോദനം നൽകിയത് എന്ന് അന്യസംസ്ഥാനക്കാർ പോലും പറയുമ്പോൾ നമ്മൾ കണ്ടതിനേക്കാളും മനസ്സിലാക്കിയതിനെക്കാളും വലിയ ഒരു വ്യാപ്തി വിഎസിയുണ്ടായിരുന്നു എന്ന സത്യം ആശ്ചര്യത്തോടുകൂടി മാത്രമേ കാണാൻ കഴിയു.

യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസത്തിൽ നിന്നും ആർജിച്ചെടുത്ത കൃത്രിമ അറിവല്ല. സ്വന്തം അനുഭവത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും മറയില്ലാതെ അനുഭവിച്ചറിഞ്ഞ പാഠങ്ങളെ ഉൾക്കൊണ്ട്‌ തന്റെ ജീവിത സാഹചര്യങ്ങളായ പ്രതികൂലങ്ങളിൽ തട്ടി സ്പിരിച്ച അഗ്നിയിൽ സ്പുടം ചെയ്ത നിശ്ചയദാർഢ്യത്തോടെയും ദീർഘവീക്ഷണത്തോടെയും കേരളത്തിലെ വിപ്ലവത്തിന് പുതിയ മുഖം നൽകി കേരളത്തിലെ സാധാരണ ജനങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയ വിപ്ലവ സൂര്യൻ എന്ന വിളിപ്പേരിനർഹനായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.

ചാണക്കലിനോട് ആയുധം ഉരസുമ്പോൾ അഗ്നി സ്പുരികം ഉണ്ടാകുമെങ്കിലും അനന്തരം ആയുധം മൂർച്ചയുള്ളതാകുന്നത് പോലെയാണ് VS എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ഓരോ ജീവിത വിപ്ലവങ്ങളും.

താൻ നടത്തിയിട്ടുള്ള എല്ലാ വിപ്ലവങ്ങളും വിജയിച്ചിട്ടുണ്ട് എന്നുള്ളതാണ് ഒരു പ്രത്യേകത ആ ജയം തന്നെയാണ് മറ്റുള്ള നേതാക്കൾ നിന്നും VS നെ വ്യത്യസ്തനാക്കി നിർത്തുന്നത്.

തന്റെ നിലപാടുകളും അഭിപ്രായങ്ങളും അചഞ്ചലനായി തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം VS ന്റെ ഒരു പ്രത്യേകത ആയിരുന്നു

 രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധിക്കുന്നത് പോലെ തന്നെ തന്റെ വ്യക്തി ജീവിതത്തിലും വളരെയധികം ശ്രദ്ധിച്ചിരുന്നു. 101 വയസ്സ് വരെ ജീവിച്ചിരിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞത് ചിട്ടയായ ജീവിതശൈലി ഒന്നു കൊണ്ട് മാത്രമാണ്.

 പകരം വെക്കുവാൻ ആളില്ലാത്ത ഓർമ്മകൾ ബാക്കിയാക്കി കേരളത്തിന്റെ നവോത്ഥാന നായകനും വിപ്ലവ സൂര്യനുമായVS നെ കേരളം യാത്രയാക്കുമ്പോൾ കുവൈറ്റ് മലയാളിയുടെ എല്ലാ വായനക്കാരുടെയും ആദരാഞ്ജലികളും വിപ്ലവ അഭിവാദനങ്ങളും അർപ്പിക്കുന്നു.

-: ചിറ്റാർ ജോസ്.